സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ പൃഥ്വിരാജ്, നടിമാർ ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ പൃഥ്വിരാജ്, നടിമാർ ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി.

ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശമുണ്ട്. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് ഹിന്ദി സംവിധായകൻ സുധീർ മിശ്രയാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരുന്നു. സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവന്‍, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിരുന്നു.

ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരുന്നു.

ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 160 സിനിമകൾ അവാർഡിന് സമർപ്പിക്കപ്പെട്ടു.