അപേക്ഷകൾ ക്ഷണിച്ചു
⭕കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍) പൂര്‍ത്തിയാക്കിയവര്‍ക്കും, അഗ്രിക്കള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2024 ഓഗസ്റ്റ് 1 ന് 18 നും 41 നും മദ്ധ്യേ. അപേക്ഷ സെപ്തംബര്‍ 13 വരെ www.keralaagriculture.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും, കൃഷിഭവന്‍/ കൃഷി അസി. ഡയറക്ടര്‍ ഓഫീസുകള്‍ വഴി ഓഫ്ലൈനായും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കായി അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.
⭕കണ്‍സീലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു
ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ആര്‍ഡിഒ ഓഫീസ് ഇരിങ്ങാലക്കുട ഓഫീസിലാണ് നിയമനം. മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തങ്ങളിലോ വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളിലെ പ്രവര്‍ത്തിക്കുന്ന സംഘടനയിലോ കുറഞ്ഞത് 2 വര്‍ഷത്തെ സേവനമുള്ളവരായിരിക്കണം. നിയമത്തില്‍ അറിവുള്ള സംഘനയുടെ മുതിര്‍ന്ന ഭാരവാഹിയായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം തൃശ്ശൂര്‍ ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സെപ്തംബര്‍ 13 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2321702.
⭕വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വ്യക്തിഗത/ ഗ്രൂപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 4 മുതല്‍ 9 ശതമാനം വരെ പലിശനിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 4 മുതല്‍ 5 ശതമാനം വരെ പലിശ നിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16 നും 32 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3 മുതല്‍ 8 ശതമാനം വരെ പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പയും നല്‍കും. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും ത്യശ്ശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015013.
⭕മന്ദഹാസം, വയോമധുരം പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് 60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാരില്‍ മുഴുവന്‍ പല്ലുകളും നഷ്ടപ്പെട്ടവര്‍ക്ക് ദന്തനിരവെച്ചു നല്‍കുന്ന 'മന്ദഹാസം' പദ്ധതി, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന 'വയോമധുരം' എന്നീ പദ്ധതികള്‍ക്ക് സുനീതി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
⭕കാതോര്‍ത്ത് പദ്ധതി
വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് പദ്ധതിയുടെ സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് www.kathorthu.wcd.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്ട്രേഷന്‍ നടത്താം. കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവയില്‍ ആവശ്യമായത് രേഖപ്പെടുത്താം. ഓണ്‍ലൈനായി സേവനം ലഭിക്കും.