വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതര പരുക്ക്; ലഹരിക്ക്‌ അടിമയായ മകനെ തിരയുന്നു

വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതര പരുക്ക്; ലഹരിക്ക്‌ അടിമയായ മകനെ തിരയുന്നു

കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ സ്ത്രീയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി.

സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛൻ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകൻ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ച രാവിലെ 11.30-ഓടെ പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില സംസ്ഥാനത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച്‌ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പുഷ്പലതയെ തലയണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. 

ലഹരിക്ക് അടിമയായ അഖില്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവർ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. 

എൻ.കെ.പ്രേമചന്ദ്രൻ എം.പി., പി.സി.വിഷ്ണുനാഥ് എം.എല്‍.എ. എന്നിവർ സ്ഥലത്തെത്തി. കൊല്ലം എസ്.പി., റൂറല്‍ ഡി.വൈ.എസ്.പി., സെപെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി., കുണ്ടറ, കിഴക്കേ കല്ലട എസ്.എച്ച്‌.ഒ., എസ്.ഐ. തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.