തൃശ്ശൂർ ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി
തൃശ്ശൂർ ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി
തൃശ്ശൂർ ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ലഹരി വിരുദ്ധ ഹെല്‍പ് ലൈന്‍ നമ്പര്‍ അടങ്ങിയ സ്റ്റിക്കറുകളുടെ വിതരണവും നടന്നു.
പഞ്ചായത്ത്, വാര്‍ഡ്തല ജാഗ്രത സമിതികള്‍ ഒരു മാസത്തിനുള്ളില്‍ ചേരാനും വിമുക്തി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രചരിപ്പിക്കാനും ജില്ലയില്‍ രൂപീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ പ്രകാരമുള്ള ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി രുപീകരണം, എസ്.ഒ.പി പ്രകാരമുള്ള കൗണ്‍സിലിംഗ് പാനലിലേക്ക് കോളേജുകളില്‍ നിന്നും സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. വിദ്യാലയങ്ങള്‍ക്ക് സമീപത്തുള്ള കടകളിലുള്ള പരിശോധന ശക്തിപ്പെടുത്താനും വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും സമിതി തീരുമാനിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ എഴുപതോളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.